Kerala
കൊച്ചി: ശ്രീലങ്കന്‍ യുവതിയുമായി മാവേലിക്കര സ്വദേശിയായ യുവാവിന്റെ വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്ന് ഹൈക്കോടതി. ആവശ്യമായ രേഖകളെല്ലാം നല്‍കിയിട്ടും ലങ്കൻ എംബസിയില്‍നിന്ന്, വിവാഹിതയല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് വേണമെന്നു നിര്‍ദേശിച്ച് സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കാത്ത മാവേലിക്കര സബ് രജിസ്ട്രാറുടെ നടപടി ചോദ്യം ചെയ്ത് ഇരുപത്തിയാറുകാരനായ യുവാവ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് എസ്. ഈശ്വരന്റെ ഉത്തരവ്.
വധുവാകേണ്ട ശ്രീലങ്കന്‍ യുവതി വീസയടക്കമുള്ള എല്ലാ രേഖകളുമായി ഇന്ത്യയില്‍ താമസിക്കുകയാണ്. ആവശ്യമായ എല്ലാ രേഖകളുമായാണു വിവാഹ രജിസ്ട്രേഷന് ഇരുവരും അപേക്ഷ നല്‍കിയത്. എന്നാല്‍, ശ്രീലങ്കന്‍ എംബസിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് വേണമെന്ന ആവശ്യമാണ് സബ് രജിസ്ട്രാര്‍ ഉന്നയിച്ചത്. നിയമപരമായി സമര്‍പ്പിക്കേണ്ട പാസ്പോർട്ട്, വീസ, വിവാഹിതയല്ലെന്ന സത്യവാങ്മൂലം എന്നിവയൊക്കെ നല്‍കിയിട്ടുണ്ടെന്നും എംബസിയുടെ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച നിര്‍ദേശം നിയമത്തിലില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
International
ന്യൂഡൽഹി: ശ്രീലങ്കൻ സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ച് 10 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ബോട്ട് കസ്റ്റഡിയിലെടുത്തു.
മന്നാറിന് വടക്കുള്ള കടൽ പ്രദേശത്ത് ബുധനാഴ്ച ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന ഒരു ഇന്ത്യൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്തതായും 10 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും ശ്രീലങ്കൻ നാവികസേന വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഈ വർഷം ഇതുവരെ ശ്രീലങ്കൻ നാവികസേന 16 ബോട്ടുകൾ പിടികൂടുകയും 112 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചൊവ്വാഴ്ച ശ്രീലങ്കയിൽ നിന്ന് 30 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ തിരിച്ചയച്ചതായി അധികൃതർ അറിയിച്ചു.
International
കൊളംബോ: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യത്തിൽ ഇന്ധന പ്രതിസന്ധിയെ തുടർന്ന് ഇന്ത്യ നൽകിയ സഹായത്തിന് നന്ദി അറിയിച്ച് ശ്രീലങ്ക. ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നന്ദി അറിയിച്ചു.
ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി. 38,000 മെട്രിക് ടൺ ഇന്ധനം കൊളംബോയിൽ എത്തി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും തന്റെ നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സിലൂടെയാണ് ശ്രീലങ്കൻ പ്രസിഡന്റിന്റെ നന്ദി പ്രകടനം.
ശ്രീലങ്കയ്ക്ക് 38,000 മെട്രിക് ടൺ പെട്രോളിയം നൽകിയാണ് ഇന്ത്യൻ സഹായം. ഇന്ധനവുമായി കപ്പൽ കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നു. അടിയന്തര ഇന്ധന വിതരണത്തിന് ശ്രീലങ്കൻ പ്രതിപക്ഷ പാർട്ടി സമാഗി ജന ബലവേഗയുടെ നേതാവ് സജിത്ത് പ്രേമദാസും ഇന്ത്യയോട് നന്ദി പറഞ്ഞു.
20,000 മെട്രിക് ടൺ ഡീസലും 18,000 മെട്രിക് ടൺ പെട്രോളുമാണ് കപ്പലിലുണ്ടായിരുന്നത്. ഇന്ധന വിതരണത്തിൽ ശ്രീലങ്കയ്ക്ക് തിരിച്ചടി നേരിട്ടതിനെ തുടർന്നാണ് സഹായം. ഇന്ധന ദൗർലഭ്യതയെ തുടർന്ന് ശ്രീലങ്ക ഇന്ത്യയോട് അടിയന്തര സഹായം അഭ്യർഥിച്ചിരുന്നു.
International
കൊളംബോ: നാലു ലിറ്റർ പെട്രോൾ വീട്ടിൽ സൂക്ഷിച്ചയാൾക്ക് ശ്രീലങ്കൻ കോടതി മൂന്നാഴ്ചത്തെ ജയിൽശിക്ഷ വിധിച്ചു. പശ്ചിമേഷ്യാ യുദ്ധം മൂലം ശ്രീലങ്ക കടുത്ത ഇന്ധന പ്രതിസന്ധി നേരിടുന്നതിനിടെയാണു സംഭവം.
കൊളംബോയിൽനിന്ന് 125 കിലോമീറ്റർ വടക്കുകിഴക്ക് നികവെരാതിയ എന്ന സ്ഥലത്ത് അറസ്റ്റിലായ നാല്പത്തെട്ടുകാരനാണു ശിക്ഷ ലഭിച്ചത്.
വീട്ടിലെ പുൽത്തകിടി വെട്ടിനിരപ്പാക്കാനുള്ള മെഷീനു വേണ്ടിയാണ് പെട്രോളെന്ന് ഇയാൾ പറഞ്ഞു. എന്നാൽ, വിലകൂട്ടി വിൽക്കാൻ പൂഴ്ത്തിവച്ച പെട്രോൾ കണ്ടെടുക്കുകയായിരുന്നുവെന്നു പോലീസ് അറിയിച്ചു.
കോടതി പ്രതിക്ക് 1,500 ശ്രീലങ്കൻ രൂപ പിഴയും വിധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് ഇന്ധനത്തിന് റേഷനിംഗ് ഏർപ്പെടുത്തിയിരിക്കുകയാണ്.
International
കൊളംബോ: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് കടുത്ത ഇന്ധനക്ഷാമം നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ.
38,000 മെട്രിക് ടൺ ഇന്ധനുമായി ഇന്ത്യൻ കപ്പൽ ഇന്ന് കൊളംബോയിലെത്തും. 20,000 മെട്രിക് ടൺ ഡീസലും 18,000 ടൺ പെട്രോളുമാണ് കപ്പലിലെന്ന് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായക പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ധനകൈമാറ്റം. നേരത്തേ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായും ശ്രീലങ്ക പ്രശ്നം ചർച്ച ചെയ്തിരുന്നു.
പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ശ്രീലങ്കയിൽ ഇന്ധനറേഷൻ നിലവിൽ വന്നിരുന്നു. പൊതുജന സേവനങ്ങൾ നാലുദിവസമായി പരിമിതപ്പെടുത്തുകയും ചെയ്തു.
Sports
കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി മുൻ ദക്ഷിണാഫ്രിക്കൻ താരം ഗാരി ക്രിസ്റ്റണെ നിയമിച്ചു. ടി20 ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ നിലവിലെ കോച്ച് സനത് ജയസൂര്യ സ്ഥാനം ഒഴിഞ്ഞിരുന്നു. രണ്ടുവർഷത്തേക്കാണ് നിയമനം.
2027 ലോകകപ്പിലേക്ക് ടീമിനെ ഒരുക്കുകയെന്നതാണ് പുതിയ കോച്ചിന്റെ പ്രധാന ഉത്തരവാദിത്തം. ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയമനമെന്ന് ബോര്‍ഡ് വ്യക്തമാക്കി. 2028 ഏപ്രില്‍ 14 വരെയാണ് അദ്ദേഹത്തിന്റെ കാലാവധി.
2011 ൽ ഇന്ത്യൻ ടീം ഏകദിന ലോകകപ്പ് നേടിയപ്പോൾ ഗാരി ക്രിസ്റ്റനായിരുന്നു കോച്ച്. 2011 - 2013 കാലയളവില്‍ ദക്ഷിണാഫ്രിക്കയെ എല്ലാ ഫോര്‍മാറ്റുകളിലും ഒന്നാം നമ്പറിലെത്തിക്കാന്‍ ക്രിസ്റ്റണ്‍ സാധിച്ചിരുന്നു. 2024 ഏപ്രിലില്‍ പാക്കിസ്ഥാന്റെ കോച്ചായി സ്ഥാനം ഏറ്റെടുത്ത അദ്ദേഹം ആറു മാസം കഴിഞ്ഞ് രാജിവച്ചിരുന്നു.
International
കൊളംബോ: ശ്രീലങ്കന്‍ തീരത്തിനു സമീപം എൻജിന് തകരാറിലായ ഇറേനിയന്‍ യുദ്ധക്കപ്പലിലെ 204 നാവികരെ കൊളംബോയിലേക്ക് മാറ്റിയെന്ന് ശ്രീലങ്കന്‍ നാവികസേന.
കപ്പല്‍ ട്രിങ്കോമാലിയുടെ കിഴക്കന്‍ തുറമുഖത്ത് എത്താന്‍ കുറഞ്ഞത് രണ്ടു ദിവസമെങ്കിലും എടുക്കുമെന്നും നാവികസേന അറിയിച്ചു. ഐആര്‍ഐഎസ് ബുഷെഹര്‍ എന്ന കപ്പലില്‍ നാലു നാവികര്‍ തുടരുന്നുണ്ട്.
ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിക്കാന്‍ കപ്പലിന് അനുമതി നല്‍കിയിട്ടുണ്ടെന്നും നാവികസേനാ വക്താവ് കമാന്‍ഡര്‍ ബുദ്ദിക സമ്പത്ത് പറഞ്ഞു. ഇറേനിന് നാവികരെ കൊളംബോയിലെ വടക്കന്‍ പ്രദേശമായ വെലിസാരയിലെ നാവിക ക്യാമ്പിലേക്ക് കൊണ്ടുപോയി. കപ്പലില്‍ 208 പേരുണ്ടായിരുന്നു. അതില്‍ 53 ഓഫീസര്‍മാരും 84 കേഡറ്റുകളും 48 മുതിര്‍ന്ന നാവികരും 23 നാവികരും ഉള്‍പ്പെടുന്നു.
അതേസമയം, യുഎസ് ആക്രമണത്തില്‍ തകര്‍ന്ന കപ്പലിലെ നാവികരുടെ മൃതദേഹം സൂക്ഷിക്കാന്‍ സ്ഥലമില്ലാതെ ബുദ്ധിമുട്ടുകയാണ് ശ്രീലങ്ക. ഐറിസ് ഡേന തകര്‍ന്ന് 90ലധികം നാവികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൃതദേഹങ്ങള്‍ താത്കാലിക കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വിശാഖപട്ടണത്ത് നടന്ന മിലന് 2026 രാജ്യാന്തര നാവികാഭ്യാസത്തില്‍ പങ്കെടുത്തശേഷം ഇറാനിലേക്കു പോയ ഐറിസ് ഡേനയെ യുഎസ് അന്തർവാഹിനി ആക്രമിച്ചു മുക്കുകയായിരുന്നു.
International
കൊളംബോ: ശ്രീലങ്കൻ കടൽ പരിധിയിലുണ്ടായിരുന്ന രണ്ടാമത്തെ ഇറാനിയൻ കപ്പലായ ഐ.ആർ.ഐ.എസ്. ബുഷെഹറിന്റെ നിയന്ത്രണം ശ്രീലങ്കൻ നാവികസേന ഏറ്റെടുത്തു. കപ്പലിലെ കാഡറ്റുകൾ ഉൾപ്പെടെയുള്ള 208 ക്രൂ അംഗങ്ങളെയും സൈന്യം സുരക്ഷിതമായി പുറത്തെത്തിച്ചതായി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ അറിയിച്ചു.
കഴിഞ്ഞ ദിവസം അമേരിക്കൻ അന്തർവാഹിനിയുടെ ടോർപ്പിഡോ ആക്രമണത്തിൽ തകർന്ന ഇറാനിയൻ യുദ്ധക്കപ്പലായ 'ഐആർഐഎസ് ദേന' ദുരന്തത്തിന് പിന്നാലെയാണ് ഈ പുതിയ നീക്കം. കപ്പലിന് എഞ്ചിൻ തകരാർ സംഭവിച്ചുവെന്ന സഹായ അഭ്യർത്ഥനയെത്തുടർന്നാണ് ശ്രീലങ്കൻ സൈന്യം ഇടപെട്ടത്. മേഖലയിൽ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്നതിനാൽ, മാനുഷിക പരിഗണന മുൻനിർത്തിയാണ് കപ്പലിന്റെയും ക്രൂ അംഗങ്ങളുടെയും സുരക്ഷ ഏറ്റെടുത്തതെന്ന് ശ്രീലങ്കൻപ്രസിഡന്റ് വ്യക്തമാക്കി.
കപ്പലിലുണ്ടായിരുന്ന 53 ഓഫീസർമാർ, 84 കാഡറ്റുകൾ, 48 മുതിർന്ന നാവികർ, 23 നാവികർ എന്നിവരെ കൊളംബോ തുറമുഖത്തെത്തിച്ചു. ഇവരെ പിന്നീട് സൈനിക ക്യാമ്പിലേക്ക് മാറ്റി. കൊളംബോ ഒരു പ്രധാന വാണിജ്യ തുറമുഖമായതിനാൽ സുരക്ഷാ കാരണങ്ങളാലും ഇൻഷുറൻസ് സംബന്ധമായ ആശങ്കകളാലും കപ്പൽ അവിടെ നിർത്താൻ അധികൃതർ തയ്യാറായില്ല. തുടർന്ന് ശ്രീലങ്കൻ നാവികസേനയുടെ നേതൃത്വത്തിൽ കപ്പൽ കിഴക്കൻ തുറമുഖമായ ട്രിങ്കോമാലിയിലേക്ക് മാറ്റി.മേഖലയിലെ സംഘർഷത്തിൽ ശ്രീലങ്ക ഒരു പക്ഷത്തും നിൽക്കുന്നില്ലെന്നും എന്നാൽ ജീവൻ രക്ഷിക്കാനുള്ള അന്താരാഷ്ട്ര കടമകൾ പാലിക്കുമെന്നും പ്രസിഡന്റ് ദിസനായകെ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
വിശാഖപട്ടണത്ത് നടന്ന ഇന്ത്യൻ നാവികസേനയുടെ 'മിലാൻ 2026' അഭ്യാസപ്രകടനത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന ഐആർഐഎസ് ദേന എന്ന കപ്പലാണ് കഴിഞ്ഞ ദിവസം ദക്ഷിണ ശ്രീലങ്കൻ തീരത്ത് തകർക്കപ്പെട്ടത്. ഈ സംഭവത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു കപ്പലായ ബുഷെഹറിനെ ശ്രീലങ്കൻ അധികൃതർ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്.
Sports
ന്യൂഡല്‍ഹി: ശ്രീലങ്കയ്ക്ക് എതിരായ വൈറ്റ് ബോള്‍ ക്രിക്കറ്റ് പരമ്പരയില്‍ അഫ്ഗാനിസ്ഥാനെ ഇബ്രാഹിം സദ്രാന് നയിക്കും.
അഫ്ഗാനിസ്ഥാന് ട്വന്റി-20 ടീം ക്യാപ്റ്റന്‍സി ഇതോടെ സ്പിന്നര്‍ റഷീദ് ഖാന്റെ തലയില്‍നിന്നു തെറിച്ചു. ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍തന്നെ അഫ്ഗാനിസ്ഥാന് പുറത്തായിരുന്നു.
ലോകകപ്പിനുള്ള അഫ്ഗാന് ടീമിലുണ്ടായിരുന്ന ഇടംകൈ സ്പിന്നര്‍ ഫസര്‍ ഹഖ് ഫറൂഖി, ഓള്‍റൗണ്ടര്‍ ഗുല്‍ബാദിന്‍ നബി, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് ഇഷാഖ് എന്നിവരെ ഒഴിവാക്കി.
ശ്രീലങ്കന്‍ പര്യടനത്തില്‍ മൂന്നു ട്വന്റി-20യും മൂന്ന് ഏകദിനവും ഒരു ടെസ്റ്റുമാണ് അഫ്ഗാനിസ്ഥാന് കളിക്കുന്നത്. ഈ മാസം 13നാണ് ആദ്യ ട്വന്റി-20.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിലെ നിർണായക സൂപ്പർ എട്ട് പോരാട്ടത്തിൽ ശ്രീലങ്ക ഇന്ന് ന്യൂസിലൻഡിനെ നേരിടും. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ രാത്രി ഏഴ് മുതലാണ് മത്സരം.
സൂപ്പർ എട്ട് ഗ്രൂപ്പ് രണ്ടിൽ രണ്ടാം സ്ഥാനത്തുള്ള ന്യൂസിലൻഡ് സെമി സാധ്യത സജീവമാക്കാനാണ് കളത്തിലിറങ്ങുന്നത്. പാക്കിസ്ഥാനുമായുള്ള സൂപ്പർ എട്ട് മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചതോടെ ഒരു പോയിന്റ് മാത്രമാണ് ന്യൂസിലൻഡിനുള്ളത്. പ്രാഥമിക ഘട്ടത്തിൽ ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായാണ് ന്യൂസിലൻഡ് സൂപ്പർ എട്ടിലെത്തിയത്.
സെമി സാധ്യത നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീലങ്ക ഇന്ന് മത്സരത്തിനിറങ്ങുന്നത്. ഞായറാഴ്ചത്തെ സൂപ്പർ എട്ട് പോരാട്ടത്തിൽ ഇംഗ്ലണ്ടിനോട് 51 റൺസിന് പരാജയപ്പെട്ട ശ്രീലങ്കയ്ക്ക് സെമി സാധ്യത നിലനിർത്തണമെങ്കിൽ ഇന്നത്തെ വിജയം അനിവാര്യമാണ്.
Sports
പല്ലേക്കലെ: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 146 റൺസാണെടുത്തത്.
ഫിൽ സാൾട്ടിന്റെ അർധ സെഞ്ചുറിയുടെയും വിൽ ജാക്ക്സിന്റെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലെത്തിയത്. സാൾട്ട് 62 റൺസാണെടുത്തത്. 40 പന്തിൽ ആറ് ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു സാൾട്ടിന്റെ ഇന്നിംഗ്സ്. വിൽ ജാക്ക്സ് 21 റൺസും ഹാരി ബ്രൂക്ക് 14 റൺസുമെടുത്തു.
ശ്രീലങ്കയ്ക്ക് വേണ്ടി ദുനിത് വെല്ലാലഗെ മൂന്ന് വിക്കറ്റെടുത്തു. ദിൽഷൻ മധുശനകയും മഹീഷ് തീക്ഷണയും രണ്ട് വിക്കറ്റ് വീതവും ദുശ്മാന്ത ചമീര ഒരു വിക്കറ്റും വീഴ്ത്തി.
Sports
പല്ലേക്കലെ: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു. പല്ലേക്കലെയിലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മൂന്ന് മുതലാണ് മത്സരം.
ടീം ശ്രീലങ്ക: പാതും നിസംഗ, കാമിൽ മിഷാര, കുശാൽ മെൻഡിസ് (വിക്കറ്റ് കീപ്പർ), പവൻ രത്നായകെ, കമിന്ദു മെൻഡിസ്, ദശുൻ ശനക (ക്യാപ്റ്റൻ), ദുനിത് വെല്ലാലഗെ, ദുഷാൻ ഹെമന്ത, ദുഷ്മാന്ത ചമീര, മഹീഷ് തീക്ഷണ, ദിൽശൻ മധുശങ്ക
ടീം ഇംഗ്ലണ്ട്: ഫിലിപ് സാൾട്ട്, ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), ജേക്കബ് ബെതൽ, ടോം ബാന്റൺ, ഹാരി ബ്രൂക്ക് (ക്യാപ്റ്റൻ), സാം കരൺ, വിൽ ജാക്ക്സ്, ജാമി ഓവർട്ടൺ, ലിയാം ഡോവ്സൺ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്.
Sports
പല്ലെകെലെ: ട്വന്റി 20 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബൗളിംഗ് തെരഞ്ഞെടുത്തു. ഏഴ് മുതൽ പല്ലെകെലെയിലാണ് മത്സരം.
ടീം ഓസ്ട്രേലിയ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, ടിം ഡേവിഡ്, ജോഷ് ഇൻഗ്ലിസ് (വിക്കറ്റ് കീപ്പർ), മാർകസ് സ്റ്റോയ്നിസ്, ഗ്ലെൻ മാക്സ്വെൽ, കൂപ്പർ കോണോലി. സേവിയർ ബാർട്ട്ലറ്റ്, നഥാൻ എല്ലിസ്, ആദം സാംപ.
ടീം ശ്രീലങ്ക: പതും നിസംഗ, കുശാൽ പെരേര, കുശാൽ മെൻഡിസ് (വിക്കറ്റ് കീപ്പർ), പവൻ രത്നായകെ, ദസുൻ ശനക (ക്യാപ്റ്റൻ), കമിന്ദു മെൻഡിസ്, ദുശാൻ ഹെമാന്ത, ദുനിത് വെല്ലാലഗെ, ദുഷ്മാന്ത ചമീര, മഹീഷ് തീക്ഷണ, മതീഷ പതിരണ.
Sports
കൊളംബോ: ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെ ശ്രീലങ്കയ്ക്ക് ജയം. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ 20 റണ്‍സിന്റെ ജയമാണ് ലങ്ക സ്വന്തമാക്കിയത്. സ്കോർ: ശ്രീലങ്ക 163/6 അയര്‍ലന്‍ഡ് 143 (19.5).
164 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അയര്‍ലന്‍ഡിന് മോശം തുടക്കമായിരുന്നു. തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിംഗിന്റെ (ആറ്) അവർക്ക് നഷ്ടമായി. പിന്നാലെ റോസ് അഡൈര്‍ (34), ഹാരി ടെക്റ്റര്‍ (40), ലോര്‍കന്‍ ടക്കര്‍ (21) എന്നിവര്‍ അല്പനേരം പിടിച്ചുനിന്നു.
എന്നാല്‍ ടീമിനെ ജയിപ്പിക്കാൻ ഇത് മതിയായിരുന്നില്ല. ലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്.
കുശാല്‍ മെന്‍ഡിസ് (43 പന്തില്‍ 56), കാമിന്ദു മെന്‍ഡിസ് (19 പന്തില്‍ 44) എന്നിവരുടെ ഇന്നിംഗ്സുകളാണ് ലങ്കയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. അയര്‍ലന്‍ഡിന് വേണ്ടി ജോര്‍ജ് ഡോക്ക്റെല്‍, ബാരി മക്കാര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Sports
കൊളംബോ: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിലെ ആറാം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ടോസ് നേടിയ അയർലൻഡ് ഫിൽഡിംഗ് തെരഞ്ഞെടുത്തു. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം.
ശ്രീലങ്ക (പ്ലേയിംഗ് ഇലവൻ): പാതും നിസങ്ക, കമിൽ മിഷാര, കുശാൽ മെൻഡിസ്, പവൻ രത്നായകെ, കമിന്ദു മെൻഡിസ്, ദസുൻ ഷനക, ദുനിത് വെല്ലലഗെ, വനിന്ദു ഹസരംഗ, ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ, മതീശ പതിരണ.
അയർലൻഡ് (പ്ലേയിംഗ് ഇലവൻ): പോൾ സ്റ്റിർലിംഗ്, റോസ് അഡയർ, ഹാരി ടെക്ടർ, ലോർക്കൻ ടക്കർ, കർട്ടിസ് കാംഫർ, ബെഞ്ചമിൻ കാലിറ്റ്സ്, ജോർജ് ഡോക്രെൽ, ഗാരെത് ഡെലാനി, മാർക്ക് അഡയർ, ബാരി മക്കാർത്തി, മാത്യു ഹംഫ്രീസ്.
Sports
ദാംബുള്ള: ശ്രീലങ്ക-പാക്കിസ്ഥാൻ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്.
മഴയെ തുടർന്ന് ടോസ് പോലും ഇടാൻ സാധിച്ചില്ല. ഓവർ കുറച്ച് മത്സരം നടത്താൻ കാത്തിരുന്നെങ്കിലും മഴ ശമിക്കാത്തതിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ വിജയിച്ചിരുന്നു. ബുധനാഴ്ച നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് പാക്കിസ്ഥാൻ വിജയിച്ചത്. ഞായറാഴ്ചയാണ് പരമ്പരയിലെ മൂന്നാം മത്സരം.
Kerala
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് കരയിൽ പ്രവേശിക്കും. രാത്രിയോടെ ശ്രീലങ്ക തീരം ഹബൻടോട്ടയ്ക്കും, കാൽമുനായിക്കും ഇടയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ഈ സാഹചര്യത്തിൽ കേരളത്തിൽ ജനുവരി 12 വരെ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും പ്രവചനമുണ്ട്. ഇത് പ്രകാരം ശനിയാഴ്ച രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Sports
തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ട്വന്റി20 പരന്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും പോരാട്ടം ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും.
വൈകിട്ട് ഏഴിനാണ് മത്സരം. വിശാഖപട്ടണത്ത് നടന്ന രണ്ട് മത്സരങ്ങളടക്കം നാല് മത്സരവും ജയിച്ച ഇന്ത്യ പരന്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുക.
4-0ന് പരന്പര ഇതിനകം സ്വന്തമാക്കിയ ഇന്ത്യ ടീമിൽ പുതുമുഖങ്ങൾക്ക് അവസരം നൽകിയേക്കും. തുടർച്ചയായ തോൽവികളിൽ പതറുന്ന ശ്രീലങ്കയ്ക്ക് ആശ്വാസജയത്തിനായുള്ള മത്സരംകൂടിയാണിത്.
ബാറ്റിംഗിലും ബൗളിംഗിലും വലിയ ആധിപത്യമാണ് ഇന്ത്യ പുലർത്തുന്നത്. തുടർച്ചയായി മൂന്ന് അർധ സെഞ്ചുറി നേടിയ ഓപ്പണർ ഷഫാലി വർമയുടെ മിന്നും ഫോമും ഒപ്പം സഹ ഓപ്പണർ സ്മൃതി മന്ദാന ഫോമിലേക്ക് തിരിച്ചെത്തിയതും മധ്യനിരയിൽ വെടിക്കെട്ട് ബാറ്റർ റിച്ച ഘോഷിന്റെ സാന്നിധ്യവും ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.
ദീപ്തി ശർമ, രേണുക താക്കൂർ, അരുന്ധതി റെഡ്ഢി എന്നിവരടങ്ങിയ ബൗളിംഗ് നിരയ്ക്കെതിരേ പൊരുതുക എന്നത് ലങ്കയ്ക്ക് കടുത്ത വെല്ലുവിളിയാകും.
ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടുവിന്റെ പോരാട്ടവീര്യം മാത്രമാണ് നിലവിൽ ലങ്കൻ നിരയ്ക്ക് ആശ്വസിക്കാനുള്ളത്. കാര്യവട്ടത്ത് നടക്കുന്ന മൂന്നാമത്തെ മത്സരം കൂടിയാണിത്.
Sports
തിരുവനന്തപുരം: ഇന്ത്യ x ശ്രീലങ്ക വനിതാ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ നാലാം പോരാട്ടം ഇന്നു കാര്യവട്ടത്ത്. ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യയുടെ ലക്ഷ്യം പരമ്പര തൂത്തുവാരികയാണ്. പരമ്പര നഷ്ടമായെങ്കിലും ആശ്വാസ ജയം തേടിയാണ് ലങ്കന്‍ ടീം ഇറങ്ങുക.
ദീപ്തി ശര്‍മയുടെയും രേണുക സിംഗ് ഠാക്കൂറിന്റെയും ബൗളിംഗ് പ്രകടനമാണ് കഴിഞ്ഞ മത്സരത്തില്‍ കാര്യവട്ടത്ത് ഇന്ത്യക്കു കാര്യങ്ങള്‍ അനുകൂലമാക്കിയത്.
ഓപ്പണര്‍ ഷെഫാലി വര്‍മയുടെ തകര്‍പ്പന്‍ ഫോമും ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. അതേസമയം, വൈസ് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സ്മൃതി മന്ദനയ്ക്ക് ഈ പരമ്പരയില്‍ ഇതുവരെ മികച്ച സ്കോറുകള്‍ കണ്ടെത്താനായിട്ടില്ല.
കാര്യവട്ടത്തെ ആദ്യ മത്സരത്തിനായി എണ്ണായിരത്തോളം കാണികളാണ് കഴിഞ്ഞ മത്സരം കാണാനെത്തിയത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മത്സരം ഡിസംബര്‍ 30നു കാര്യവട്ടത്തുതന്നെ നടക്കും.
International
കൊളംബോ: ദിത്വ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടമുണ്ടായ ശ്രീലങ്കയുടെ പുനർനിർമാണത്തിനായി ഇന്ത്യ 4,000 കോടിരൂപയുടെ സഹായം നൽകുമെന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ദൂതനായാണ് ജയശങ്കർ ലങ്കയിലെത്തിയത്.
ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുമായി കൂടിക്കാഴ്ച നടത്തിയ ജയശങ്കർ, പ്രതിസന്ധിഘട്ടങ്ങളിൽ ലങ്കയ്ക്കൊപ്പം നിൽക്കുക എന്നത് ഇന്ത്യയുടെ പതിവാണെന്നു പറഞ്ഞു. ലങ്കയുടെ പുനരധിവാസവും റോഡ്, റെയിൽവേ, വീടുകളുടെ നിർമാണം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണവുമായി ബന്ധപ്പെട്ടാണ് തുക അനുവദിക്കുന്നത്.
ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ലങ്കയുടെ വടക്കൻ പ്രവിശ്യയിൽ നിർമിച്ച 120 അടി നീളമുള്ള ബെയ്ലി പാലം ജയശങ്കറും ലങ്കൻ വിദേശകാര്യമന്ത്രി വിജിത ഹെരാത്തും ചേർന്ന് ഉദ്ഘാടനം ചെയ്തു. ചിലോയിൽ മറ്റൊരു ബെയ്ലി പാലത്തിന്റെ നിർമാണം നടന്നുവരികയാണ്. 110 കിലോഗ്രാം ഭക്ഷ്യസാമഗ്രികളും 4.5 ടൺ മരുന്ന്, വൈദ്യസഹായ സാമഗ്രികളും നൽകിയിരുന്നു.
Sports
അബുദാബി: അണ്ടര്‍ 19 ഏഷ്യാ കപ്പിലെ ഇന്ത്യ-ശ്രീലങ്ക സെമി പോരാട്ടത്തില്‍ വില്ലനായി മഴ. ഇന്ത്യൻ സമയം 10.30നായിരുന്നു മത്സരം തുടങ്ങേണ്ടിയിരുന്നത്. എന്നാൽ നനഞ്ഞ ഔട്ട് ഫീല്‍ഡ് മൂലം മത്സരത്തിന്റെ ടോസ് പോലും ഇതുവരെ സാധ്യമായിട്ടില്ല.
ഇന്ത്യൻ സമയം 3.30വരെ മത്സരം തുടങ്ങാനുള്ള സാധ്യത അമ്പയര്‍മാര്‍ പരിശോധിക്കും. 3.30നും മത്സരം തുടങ്ങാന്‍ സാധ്യമായില്ലെങ്കില്‍ മത്സരം ഉപേക്ഷിക്കുമെന്നാണ് റിപ്പോർട്ട്.
സെമി ഫൈനല്‍ മത്സരത്തിന് റിസര്‍വ് ദിനം ഇല്ലാത്തതിനാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ടീമാവും ഫൈനലിലെത്തുക. അതിനാൽ, മത്സരം ഉപേക്ഷിച്ചാല്‍ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഇന്ത്യ ഫൈനലിലെത്തും.
പാക്കിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം സെമി ഫൈനൽ മത്സരവും നനഞ്ഞ ഔട്ട് ഫീല്‍ഡ് മൂലം തുടങ്ങാനായിട്ടില്ല. ഈ മത്സരം ഉപേക്ഷിച്ചാല്‍ ബംഗ്ലാദേശാകും ഫൈനലിലെത്തുക.
International
കൊളംബോ: കൊടുങ്കാറ്റ് നാശം വിതച്ച ശ്രീലങ്കയിൽ മരണസംഖ്യ 355 ആയി ഉയർന്നു. 366 പേരെ കാണാതായെന്നും ലങ്കൻ വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞയാഴ്ച ദിത്വ ചുഴലിക്കൊടുങ്കാറ്റിനോട് അനുബന്ധിച്ചുണ്ടായ പേമാരി, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയാണു ലങ്കയിൽ ദുരിതം വിതച്ചത്.
ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണു നേരിടുന്നതെന്ന് പ്രസിഡന്റ് അനുര കുമാര ദിസനായകെ ചൂണ്ടിക്കാട്ടി. രാജ്യം മുഴുവൻ ബാധിച്ച ദുരന്തം ഇതാദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രെയിൻ, വിമാന സർവീസുകൾ പുനരാരംഭിച്ചതായി ലങ്കൻ വൃത്തങ്ങൾ ഇന്നലെ അറിയിച്ചു. എന്നാൽ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി തുടരും.
International
കൊളംബോ: ദിത്വ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ശ്രീലങ്കയിൽ സഹായഹസ്തവുമായി ഇന്ത്യ. ഇന്ത്യയുടെ ‘ഓപ്പറേഷൻ സാഗർ ബന്ധു’ എന്ന ദൗത്യം ലങ്കയിൽ തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) ഇന്ത്യൻ വ്യോമസേനയുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
മണ്ണിടിച്ചിലിനെത്തുടർന്ന് കുടുങ്ങിപ്പോയ പ്രദേശങ്ങളിൽനിന്ന് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ആളുകളെ പുറത്തെത്തിക്കാൻ ഇന്ത്യയുടെ വ്യോമസേന ഹെലികോപ്റ്ററുകളും സജീവമായുണ്ട്. കോട്മലെയിൽ കുടുങ്ങിയ ഇന്ത്യക്കാർ ഉൾപ്പെടെ 24 പേരെ വ്യോമമാർഗം കൊളംബോയിലേക്കു മാറ്റിയതായി ഇന്ത്യൻ വ്യോമസേന സമൂഹമാധ്യമത്തിൽ അറിയിച്ചു. ഞായറാഴ്ചവരെ ശ്രീലങ്കയിൽ 212 പേർക്ക് ജീവൻ നഷ്ടമായി. 218 പേരെ കാണാതായി. 9,98,918 പേരെയാണ് കൊടുങ്കാറ്റും പേമാരിയും ബാധിച്ചത്.
വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിലുള്ള രണ്ട് ചേതക് ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേർന്നു. വെള്ളപ്പൊക്കത്തെത്തുടർന്ന് വീടിന്റെ മേൽക്കൂരയിൽ അഭയംതേടിയ കുടുംബത്തെ ചേതക് സംഘം രക്ഷപ്പെടുത്തി.
ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി കൊളംബോയിൽ ഇന്ത്യൻ വ്യോമസേന എംഐ-17 വി 5 ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ രണ്ടു വിമാനങ്ങളിൽ 21 ടൺ ദുരിതാശ്വാസ സാധനങ്ങൾ കൊളംബോയിൽ എത്തിച്ചു.
International
കൊളംബോ: ദിത്വാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയിൽ 123 പേർ മരിച്ചു. 130 പേരെ കാണാതാവുകയും ചെയ്തതായി ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു. 20 വർഷത്തിനിടയിലെ വലിയ വെള്ളപ്പൊക്കമാണ് ശ്രീലങ്ക നേരിടുന്നത്.
ദിത്വാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് രാജ്യത്തെ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയിൽ വീടുകൾ തകർന്നതിനെ തുടർന്ന് ഏകദേശം 44,000 പേരെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ശ്രീലങ്കൻ സർക്കാർ രാജ്യത്തുടനീളം സായുധ സേനയെ വിന്യസിച്ചിട്ടുണ്ട്. സൈനിക ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ച് ഒറ്റപ്പെട്ടുപോയ താമസക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
ശ്രീലങ്കൻ തീരത്തിനു സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായാണ് ദിത്വാ ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. ഇത് വടക്ക് - വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശ്രീലങ്ക തീരവും സമീപ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട് - പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്തേക്കു നീങ്ങാൻ സാധ്യതയുണ്ട്.
International
കൊളംബോ: ദിത്വാ ചുഴലിക്കാറ്റിൽ പ്രളയ ഭീതിയിൽ ശ്രീലങ്ക. തീവ്രമഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയിൽ നൂറിലധികം പേർ മരിച്ചു. രണ്ട് ലക്ഷം പേർ എങ്കിലും ദുരിതം അനുഭവിക്കുന്നതായി സർക്കാർ അറിയിച്ചു.
ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ഇന്ത്യ ഇന്നു സഹായം കൈമാറും. അതേസമയം, കിഴക്കൻ തമിഴ്നാട്ടിലെ തീരദേശ ജിലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ട്രെയിൻ പൂർണമായും 11 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. പുതുച്ചേരിയിലും തമിഴ്നാട്ടിലെ ഡെൽറ്റ ജില്ലകളിലും ഇന്നു സ്കൂൾ അവധി പ്രഖ്യാപിച്ചു.
ശ്രീലങ്കൻ തീരത്തിനു സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായാണ് ദിത്വാ ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. ഇത് വടക്ക് - വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശ്രീലങ്ക തീരവും സമീപ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട് - പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരത്തേക്കു നീങ്ങാൻ സാധ്യതയുണ്ട്.
കടലാക്രമണത്തിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണം.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്നു രാത്രി 11.30 വരെ കേരള തീരത്ത് കടലാക്രമണത്തിനും കള്ളക്കടലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
International
കൊളംബോ: ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. മണ്ണിടിച്ചിലിലും പ്രളയത്തിലും 66 പേർ മരിച്ചു. മരണസംഖ്യ ഉയരുമെന്നാണ് വിവരം.
25 പേരെ കാണാതാവുകയും ചെയ്തതായി ഔദ്യോഗിക അറിയിപ്പുണ്ട്. ഇരുപതോളം ജില്ലകളിലായി 44,000 പേരെ പ്രളയം നേരിട്ടു ബാധിച്ചു. നിരവധി റോഡുകളും പാലങ്ങളും ഒലിച്ചുപോയി.
വീടുകളുടെ ടെറസിലും മരങ്ങളുടെ മുകളിലും അഭയം തേടിയ പലരെയും വ്യോമസേന ഹെലിക്കോപ്റ്ററുകൾ എത്തി രക്ഷപ്പെടുത്തി. രാജ്യത്ത് രാവിലെ ആറ് മുതൽ ട്രെയിൻ ഗതാതതം നിർത്തിവച്ചിരിക്കുകയാണ്.
ലങ്കൻ നാവികസേനയുടെ ക്ഷണപ്രകാരം ബുധനാഴ്ച കൊളംബോ തീരത്തെത്തിയിരുന്ന ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തും രക്ഷാദൗത്യത്തിന്റെ ഭാഗമായി. കൊളംബോ വിമാനത്താവളത്തിലേക്കുള്ള പല വിമാനങ്ങളും തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ തിരിച്ചുവിടാൻ അഭ്യർഥിക്കുമെന്ന് ലങ്കൻ സർക്കാർ അറിയിച്ചു.
ഡിറ്റ് വായുടെ സ്വാധീനത്തിൽ തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് ദിവസം മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളെ വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി ചെന്നൈയിലെ മൂന്ന് ജലസംഭരണികളിൽ നിന്ന് സെക്കൻഡിൽ 200 ഘടയടി വീതം വെള്ളം തുറന്നുവിടുന്നുണ്ട്.
Sports
റാവൽപിണ്ടി: ത്രിരാഷ്ട്ര ടി20 പരമ്പരയിൽ സിംബാബ്വെയ്ക്കെതിരായ മത്സരത്തിൽ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം. റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് ശ്രീലങ്ക വിജയിച്ചത്.
സിംബാബ്വെ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 22 പന്ത് ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. അർധ സെഞ്ചുറി നേടിയ പാതും നിസംഗയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ശ്രീലങ്ക അനായാസം വിജയലക്ഷ്യം മറികടന്നത്.
നിസംഗ 98 റൺസാണ് എടുത്തത്. 58 പന്തിൽ 11 ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു നിസംഗയുടെ ഇന്നിംഗ്സ്. കുശാൽ മെൻഡിസ് 25 റൺസെടുത്ത് നിസംഗയ്ക്ക് പിന്തുണ നൽകി.
12 റൺസെടുത്ത കമിൽ മിഷാരയുടെ വിക്കറ്റ് മാത്രമാണ് ലങ്കയ്ക്ക് നഷ്ടമായത്. സിംബാബ്വെയ്ക്ക് വേണ്ടി ബ്രാഡ് ഇവാൻസാണ് വിക്കറ്റ് എടുത്തത്.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 146 റൺസെടുത്തത്. നായകൻ സിക്കന്തർ റാസയും റയാൻ ബർളും 37 റൺസ് വീതമെടുത്തു. ബ്രയാൻ ബെന്നറ്റ് 34 റൺസ് സ്കോർ ചെയ്തു.
ശ്രീലങ്കയ്ക്ക് വേണ്ടി മഹീഷ് തീക്ഷണയും വനിന്ദു ഹസരങ്കയും രണ്ട് വിക്കറ്റ് വീതമെടുത്തു. ദശുൻ ശനക ഒരു വിക്കറ്റ് വീഴ്ത്തി. ലങ്കൻ താരം പാതും നിസംഗയാണ് മത്സരത്തിലെ താരം.
Sports
റാവൽപിണ്ടി: റാവൽപിണ്ടിയിൽ നടന്ന ശ്രീലങ്ക - പാകിസ്ഥാൻ ഏകദിന പരന്പരയിൽ പാക്കിസ്ഥാൻ എട്ട് വിക്കറ്റിന് വിജയിച്ചു. ഇതോടെ ഏകദിന പരമ്പരയിൽ 2-0ന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറിൽ എട്ട് വിക്കറ്റിന് 288 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 10 പന്ത് ബാക്കി നിൽക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ ജയത്തിലെത്തി.
119 പന്തിൽ എട്ട് ഫോറുകളുമായി 102 റൺസെടുത്ത് പുറത്താകാതെനിന്ന ബാബർ അസം, 93 പന്തിൽ 78 റൺസെടുത്ത ഫഖർ സമാൻ, 54 പന്തിൽ പുറത്താകാതെ 51 റൺസെടുത്ത മുഹമ്മദ് റിസ്വാൻ, 33 റൺസെടുത്ത സയീദ് അയൂബ് എന്നിവരാണ് പാക്കിസ്ഥാന്റെ വിജയ ശിൽപ്പികൾ. 2023 ഏഷ്യാ കപ്പിനുശേഷം ഫോം നഷ്ടപ്പെട്ട ബാബര്‍ അസം 83 ഇന്നിംഗ്സുകള്‍ക്ക് ശേഷമാണ് ഇപ്പോൾ സെഞ്ച്വറി നേടിയിരിക്കുന്നത്.
ശ്രീലങ്കക്കുവേണ്ടി ജനിത് ലിയനാഗെ (54), കാമിന്ദു മെൻഡിസ് (44), സദീര സമരവിക്രമ (42), വാനിന്ദു ഹസരങ്കെ (37) എന്നിവർ തിളങ്ങി. പാക് ബോളിംഗ് നിരയിൽ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഹാരിസ് റൗഫ്, അബ്രാർ അഹമ്മദ് എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു.
Sports
ലാഹോര്‍: നിലവിലെ പാക്കിസ്ഥാന് പര്യടനം ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം റദ്ദാക്കുമെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമാബാദ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ലങ്കന്‍ ടീമിന്റെ തീരുമാനം.
ഇന്നു റാവൽപിണ്ടിയിൽ നടക്കേണ്ട രണ്ടാം ഏകദിനത്തിനു ശ്രീലങ്കൻ ടീം ഇറങ്ങിയേക്കില്ല. ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ ആറ് റൺസിനു ജയിച്ചിരുന്നു.
അതേസമയം, ടീമിന് സുരക്ഷ വര്‍ധിപ്പിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളുമായി പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് പരിഹാരത്തിനുള്ള ശ്രമത്തിലാണ്. പാക്കിസ്ഥാൻ-അഫ്ഗാൻ അതിർത്തി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീം ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍നിന്ന് പിന്മാറിയിരുന്നു.